തിരുവനന്തപുരം: യുപിഎസ്സി മത്സരപരീക്ഷകൾക്കു തയാറെടുക്കുന്നവരെ സഹായിക്കാൻ പ്രഡിക്ഷൻ മോഡ്യൂളുമായി കെഎസ്യുഎമ്മിനു കീഴിലുള്ള ‘എഡ്മി എഐ’ സ്റ്റാർട്ടപ്പ്. കേരളത്തിലെ ആദ്യ നിർമിതബുദ്ധി അധിഷ്ഠിത ലേണിംഗ് പ്ലാറ്റ് ഫോമാണ് എഡ്മി എഐ.
യുപിഎസ്സി പരീക്ഷകളിൽ ചോദ്യങ്ങളായി വരാൻ സാധ്യതയുള്ള പ്രധാന വിഷയങ്ങൾ തിരിച്ചറിയാനും അതടിസ്ഥാനമാക്കി ആഴത്തിൽ പഠിക്കാനും ഈ പ്ലാറ്റ്ഫോം സഹായകമാണ്.
യുപിഎസ്സിയുടേത് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ചോദ്യസാധ്യതയുള്ള മേഖലകൾ പ്രവചിക്കാൻ എഡ്മി എഐയ്ക്ക് കഴിയും. എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പത്രങ്ങളുടെയും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളുടെയും വിപുലമായ വിശകലനത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്.
ഇക്കഴിഞ്ഞ യുപിഎസ്സി പ്രിലിമിനറി പരീക്ഷയിലെ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ എഡ്മി എഐ യുടെ പ്രവചനം 85 ശതമാനം കൃത്യത കാണിച്ചിരുന്നു. സമകാലിക മേഖലയുമായി ബന്ധപ്പെട്ട 74 ചോദ്യങ്ങളിൽ 63 എണ്ണവും എഡ്മി എഐ പ്രവചിച്ചതാണെന്നതു ശ്രദ്ധേയം. എഐ സങ്കേതങ്ങളുടെ സഹായത്തോടെ 266 വിഷയങ്ങളാണ് പ്രിലിംസ് പരീക്ഷയ്ക്കായി എഡ്മി എഐ പ്രവചിച്ചത്.
തിരുവനന്തപുരം ഗവണ്മെന്റ് എൻജിനിയറിംഗ് കോളജിലെ പൂർവവിദ്യാർഥികളായ ശിമയോൻ സാമുവൽ, തേജസ് സുഷീൽ, ഗിഡ്സെൻ ബേബി എന്നിവരാണ് എഡ്മി എഐയ്ക്കു പിന്നിൽ. പിന്നീട് അത് ആറംഗ ടീമായി വളർന്നു.
സൗജന്യമായി ഉപയോഗിക്കാവുന്ന ഈ ലേണിംഗ് പ്ലാറ്റ്ഫോമിനു നിലവിൽ 5000 ത്തിലധികം സജീവ ഉപയോക്താക്കളുണ്ട്.